Thursday, May 17, 2007

മാവ്

അന്നും പതിവു പോലെ അയാള്‍ ഒരു പിടി അരിയുമായി ആ മാഞ്ചുവട്ടിലേക്കു നടക്കുമ്പോള്‍, പൊട്ടിയ ഓട്ടുമണിയുടെ കലമ്പല്‍ പോലെ ഭാര്യയുടെ വാക്കുകള്‍ കാതില്‍ വീണു.
"കഞ്ഞി വെക്കാന്‍ ഇല്ലെങ്കിലും അവറ്റകള്‍ക്ക് കുറവു വരുത്തരുത്. കിളികളെ ഊട്ടാത്രെ"
ഇതിപ്പൊള്‍ ഒരു പതിവായല്ലൊ എന്നയാള്‍ മനസില്‍ കരുതി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെ തീച്ചൂട് അവളെ പൊള്ളിക്കുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മൗനത്തിന്റെ വല്‍മീകം അയാള്‍ക്കൊരു തണലായതും അവള്‍ക്ക് സഹിക്കാനാവുന്നതല്ല. എന്നിട്ടും ചേക്കെറാന്‍ അന്തിക്കു വന്നെത്തുന്ന കിളിയെ പോലെ അലഞ്ഞു തളര്‍ന്ന് അയാള്‍ കൂടണയുമ്പൊള്‍, എല്ലാം മറന്ന് പുഞ്ചിരിച്ച് സ്വീകരിക്കാന്‍ അവള്‍ക്കേ കഴിയൂ.
ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ ജീവിതം. തെല്ലു നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു. ഉല്ലാസപറവകളെ പോലെ ആടിപാടി നടന്ന ഒരു കാലം . ജോലി, കുടുംബം, കുട്ടികള്‍. ഒക്കെ. ഒരാവേശത്തില്‍, മുന്‍പിന്‍ ആലോചിക്കാതെ തൊഴില്‍ സമരത്തിനു ചാടിപുറപ്പെട്ട് അകെയുള്ള വരുമാനം നഷ്ടപ്പെടുന്നതു വരെ. നേതാക്കന്മാരുടെ മോഹനവാഗ്ദാനങ്ങള്‍ ജലരേഖകള്‍ മാത്രമാണെന്ന് എന്തേ തിരിച്ചറിഞ്ഞില്ല? സമരവും പ്രകടനവും നടത്തി, ജോലി ഒരിക്കല്‍ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ച് നഷ്ടപ്പെടുത്തിയ യൗവനം ഇനി ഒരിക്കലും തിരിച്ചു വരാതവണ്ണം നഷ്ടപ്പെട്ടു പോയപ്പൊള്‍, വിധിയുടെ മുന്നില്‍ പകച്ചു നിന്നുപോയ മനസിന്റെ മുറിപ്പാട് ഉണങ്ങുവാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വന്നു. അന്നും ഈ മാവും അതിലെ കിളികളും മാത്രം ഒരു സാന്ത്വനം നല്‍കിയിരുന്നു. വീടിനുള്ളില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കുന്നതു കണ്ട് ഭാര്യ കളിയാക്കി വിളിച്ചതാണ് "പരിതസ്ഥിതി വാദി" എന്ന്.
പക്ഷെ ഈ തൊടിയോടും, ഇതിലെ മരങ്ങളൊടും ഒരു ആത്മബന്ധം തന്നെയാണ്. അതു കൊണ്ടാണല്ലൊ,മൂക്കോളം കടം വന്നു മൂടിയിട്ടും, സ്വത്തുക്കള്‍ ഓരോന്നായി അന്യാധീനപ്പെട്ടപ്പോഴും, ഈയൊരു മാവു മാത്രം വില്‍ക്കാന്‍ തയ്യാറാവാഞ്ഞത്. മുത്തശ്ശന്റെ കാലത്തു മുതല്‍ ഒരുപാടു മാമ്പഴം തന്നും, കിളികള്‍ക്കു വിരുന്നൂട്ടിയും, അവയ്ക്ക് കൂടുകൂട്ടാന്‍ ചില്ലകള്‍ നീട്ടിയും "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന പോലെ ഈ മാവ് നിലകൊണ്ടിരുന്നു. ഇതിന്റെ ചുവട്ടില്‍ വെച്ചാണ് ആദ്യമായി സുമയുടെ കൈകളില്‍ തൊട്ടത്. ആദ്യമായി അവളെ ചുംബിച്ചത്. പിന്നെ ആശുപത്രിയുടെ മണവും കത്തുന്ന ചന്ദനത്തിരികളുടെ പുകച്ചൂടും തിങ്ങിനിറഞ്ഞ മുറിയില്‍ അവളുടെ മ്യുതദേഹം ഉപേക്ഷിച്ച് ഓടി വന്നപ്പോള്‍ സാന്ത്വനസ്പര്‍ശമായി ഉണ്ടായിരുന്നതും ഇതേ മാവു തന്നെ ആയിരുന്നു. മരക്കച്ചവടക്കാരന്‍ കുഞ്ഞൂട്ടി വന്ന് "നായരേ, നിങ്ങടെ കടവും വീടും, എനിക്കു പത്തു പൈസാ തടയുവേം ചെയ്യും. കൊടു നായരേ" എന്നു പറഞ്ഞു പിന്നാലെ നടന്നിട്ടും "പിന്നെ താന്‍ ചാവുമ്പൊള്‍ കത്തിക്കാന്‍ നിര്‍ത്തിക്കോ" എന്നു പരിഹസിച്ചു പറഞ്ഞതും ഒക്കെ നിസ്സാരമായി ചിരിച്ചു തള്ളി. പക്ഷെ അന്ന് വൈകുന്നേരം "എന്റേം പിള്ളാരെടേം ശവം കണ്ടാലും നിങ്ങള്‍ക്ക് മതിയാവൊ? ഇനി കടക്കാരുടെ മുന്നില്‍ നാണം കെടാന്‍ ഇയ്ക്കു വയ്യ" എന്നു ഭാര്യ നെഞ്ചലച്ചു കരഞ്ഞപ്പോള്‍, ഇതു വരെ കെട്ടിയുറപ്പിച്ചു മനസില്‍ നിര്‍ത്തിയിരുന്നതൊക്കെ കുത്തിയൊലിച്ചു പോകുന്നത് അയാളറിഞ്ഞു.
സുമ തന്നോട് ക്ഷമിക്കും. മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അമ്മായിയെ കാണാന്‍ എന്ന വ്യാജേന വന്നപ്പോള്‍, ഒരുപാടു നേരം ഈ തണലില്‍ ഇരുന്ന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയപ്പോള്‍ അവള്‍ പറഞ്ഞതാണ് "രവീട്ടാ, നമുക്ക് ഈ മാവില്‍ ഒരു വലിയ ഊഞ്ഞാല്‍ കെട്ടണം. മുകളില്‍ നിന്നും താഴെ വരെ പൂമാലകള്‍ കോര്‍ത്ത് ഭംഗിയാക്കി, നിലാവുള്ള രാത്രികളില്‍ നമുക്കു രണ്ടു പേര്‍ക്കും മാത്രമായി അതിലിരുന്ന്, കഥ പറഞ്ഞ്....."
"രവീട്ടാ.."
അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്? നേരെന്തായീന്ന് വല്ല പിടീണ്ടോ?"
അയാള്‍ തല കുലുക്കി.
"വരൂന്നെ. അതൊ മാവിനോട് യാത്ര പറയുകയാണോ? നാളെ കുഞ്ഞൂട്ടി ആളുമായി വരും."
"നീ പൊയ്കോ. ഞാന്‍ ദാ വരണു"
അവളുടെ മുഖം തെളിയുന്നത് ആ അരണ്ട വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു. വല്ലപ്പോഴും ആണല്ലൊ എന്തെങ്കിലും ഒന്നു സംസാരിക്കുന്നത്. മൗനത്തിന്റെ കരിമ്പടത്തില്‍ ഹ്യദയം ഒളിപ്പിച്ച് ശീലമായിരിക്കുന്നു.
നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു നൊമ്പരം വിങ്ങി. പാവം. എന്തെല്ലാം അനുഭവിച്ചു? ഒരു പാടു നാളുകള്‍ക്ക് ശേഷമാണ് അവളുടെ മുഖം ഒന്നു തെളിയുന്നത്. ഇനിയെങ്കിലും അവളെ വിഷമിപ്പിക്കരുത്. മൗനത്തിന്റെ, വിരക്തിയുടെ കമ്പളം നീക്കണം. അയാള്‍ മനസില്‍ കരുതി. മെല്ലെ എണീറ്റ് നടക്കാന്‍ ആഞ്ഞപ്പോളാണയാള്‍ ഓര്‍ത്തത്. തിരിഞ്ഞു നടന്ന് അയാള്‍ ആ മാവിനെ തൊട്ടു. യാത്ര പറയുമ്പോലെ നിശബ്ദമായി തലയാട്ടി. വീണ്ടും തിരിഞ്ഞു നടക്കുമ്പോള്‍, കൊലുസിന്റെ കിലുക്കം കേട്ടുവൊ? കുപ്പിവളകണിഞ്ഞ ഒരു കൈ മെല്ലെ യാത്ര ചൊല്ലിയോ? നിറഞ്ഞ മിഴികള്‍ തുടച്ച് അയാള്‍ വീട്ടിലേക്ക് നടന്നു.
കഞ്ഞി കുടിക്കുമ്പോഴും അവള്‍‍ പാത്രങ്ങള്‍ കഴുകുമ്പോഴും അയാള്‍ കൂടെ നടന്ന്‍ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. അവള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അയാളുടെ പഴയ മുഖം കാണുകയായിരുന്നു. അതീവസന്തോഷത്തോടെ അവള്‍ അയാളുടെ മാറില്‍ തല വെച്ചുറങ്ങി.
*********
"എന്താ നായരുടെ വീട്ടില്‍ ഒരാള്‍കൂട്ടം?"
"അപ്പൊ, കുഞ്ഞൂട്ടി ഒന്നും അറിഞ്ഞില്ലെ? രവീന്ദ്രന്‍ നായര് മരിച്ചു. ശവം ആ മാഞ്ചുവട്ടിലാ കെടക്കണത്രെ. പിന്നെ അടുത്ത് കുറെ പൂക്കളും, ഒരു പൊട്ടിയ ഊഞ്ഞാലും കിടപ്പുണ്ടത്രെ."

Wednesday, May 2, 2007

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്.

ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്".

അന്നും പതിവു പോലെ, മൂവര്‍ സംഘം "തറവാട്ടില്‍" ഒത്തു കൂടി. സ്ഥിരമായി ഉള്ള കുറ്റികള്‍ ആയതു കൊണ്ട്, ചില അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുണ്ട്. പുറത്ത് ഹാളിലെ, കോര്‍ണര്‍ സീറ്റ്, പരിചയക്കാരന്‍ വെയ്റ്റര്‍, അങ്ങനെ ചില അവകാശങ്ങള്‍.
പാണ്ടിമേളം മുറുകുന്നതു പോലെ "സേവ" യുടെ സ്പീഡും കൂടി. അവസാനം, പരിചയത്തിന്റെ പുറത്ത്, അത്രയും നേരം കൂടെ നിന്നു സേര്‍ വ് ചെയ്ത വെയ്റ്റര്‍-ടെ തന്തയ്ക്ക് വിളിച്ച എന്റെ സുഹ്രുത്തിന്റെ പെരടിക്ക് തൂക്കി "പൂച്ച കുഞ്ഞുങ്ങളെ കടിച്ചു കൊണ്ടുപോകുന്നതു പോലെ" ബാറിന്റെ വാതില്‍ക്കല്‍ നിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍, പിന്നെ ഒരു പെഗ് പോലും അടിക്കാന്‍ പാങ്ങില്ലാതെ അയ്യപ്പബൈജുവിന്റെ പ്രതിരൂപം എന്നപോലെ എന്റെ പ്രിയ സുഹ്രുത്ത് no. 2 നില്‍ക്കുന്നതിനാലും, അന്നത്തെ ബില്ല് എന്റെ വക ആയതിനാലും, മതി എന്നങ്ങ്ട് തീരുമാനിച്ചു നോം. അതെന്തായാലും നന്നായി എന്നു പിന്നെ മനസിലായി. ഒരു പത്ത് മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍, ബാര്‍ ജീവനക്കാര്‍ തന്നെ പൊക്കിയെടുത്ത്, റോഡില്‍ തള്ളിയേനെ. മണി ഒന്നായെന്നെ!

രണ്ടു മൂന്ന് ഓട്ടോ നിര്‍ത്താതെ പോയപ്പൊള്‍ കാര്യം മനസിലായി. മൂന്നു പാമ്പുകളെ വീട്ടില്‍ വിടാന്‍, മറ്റൊരു പാമ്പല്ലാതെ ഒരു മനുഷ്യനും തയ്യാറാവില്ല. വാളു കഴുകുന്ന ഏര്‍പ്പാട് അത്ര സുഖം അല്ലല്ലോ. കര്‍ത്താവേശു തമ്പുരാന്റെ അവസ്ഥയിലായി ഞാന്‍. കാറ്റത്തെ കമുകു പോലെ, കരകാട്ടത്തിന്റെ റിഹേഴ്സല്‍ നടത്തുന്ന രണ്ട് പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഞാന്‍. ഈശ്വരാ, നീ എനിക്കെന്തിനീ കപ്പാസിറ്റി തന്നൂഊഊഊഉ........!

രണ്ട് പേരുമായി നടക്കാന്‍ തുടങ്ങി. TMC (thane municipal Corp) യെ വായില്‍ പഠിച്ച തെറി മുഴുവന്‍ വിളിച്ചു കൊണ്ടാണ് ഈ "രോമന്‍" മാരുടെ നടപ്പ്. !ഇവമ്മാര്‍ക്ക് ഈ വഴി കുറച്ച് വീതിയില്‍ ഉണ്ടാക്കാന്‍ പാടില്ലേ എന്നും മറ്റുമുള്ള ഡയലൊഗ് പുട്ടിനെ പീര പോലെ കീറുന്നുമുണ്ട്.

കുറെ നടന്നപ്പോള്‍ എന്തായാലും കുറച്ചു കെട്ടു വിട്ടു. ഇതിനിടക്ക്, ഒരു ടിപ്പു, ഒരു പഴശ്ശിരാജാ, (വാള്‍) ഇത്യാദി ഐറ്റംസ് വഴിയരികില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ പാര്‍ക്കിന്റെ മുന്നിലെത്തി. രാത്രി 1-30 ന് എന്തു കാണാന്‍? സമ്മതിക്കണ്ടെ? രണ്ട് എണ്ണത്തിനും ആ പാതിരാത്രിയില്‍ പാര്‍ക്കില്‍ കയറണം. മതില്‍ ചാടി അകത്തു കയറി. മൂലക്കുള്ള ബഞ്ച് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഒരു കറ്റാര്‍ വാഴ പോലെയുള്ള ചെടി ആ അക്ഷന്തവ്യമായ അപരാധം ചെയ്തത്. ചെടി, സുഹ്രുത്ത് നം. 1 ന്റെ കാലില്‍ തട്ടി. "ഹൊ!! ഒരു ചെടിക്ക് ഇത്ര ധൈര്യമോ" എന്നാക്രൊശിച്ചു കൊണ്ട് അദ്ദേഹം, വളരെ കൂളായി ആ ചെടി പറിച്ചു, വില്ലന്റെ തോക്കു തട്ടിയെടുത്ത ജയനേപ്പോലെ, നെഞ്ചു വിരിച്ചു നില്‍ക്കുന്നു.!!!

ഇതു കണ്ടതും, സുഹ്രുത്ത് നം. 2 സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" എന്നു അലറിക്കൊണ്ട്, "നീ എന്തു പണിയാടാ ഈ കാണിക്കുന്നേ." എന്നും പറഞ്ഞ് 2 തെറി. ഞാന്‍ ആശ്വാസനിശ്വ്വാസം ഉതിര്‍ത്തു. ഹാവൂ, അറ്റ് ലീസ്റ്റ്, ഒരാള്‍ക്കെങ്കിലും ബോധം ഉണ്ടല്ലോ. നം. 2 സുഹ്രുത്ത് വീണ്ടും കുറെ തെറികള്‍ക്കു ശേഷം ഇങ്ങനെ മൊഴിഞ്ഞു."ഇങ്ങനെ ആണൊടാ ചെടി പറിക്കുന്നെ? ഞാന്‍ കാട്ടിത്തരാം" എന്നാക്രോശിച്ചു കൊണ്ട് ഓടുന്ന ട്രയിന്‍ പിടിച്ചു നിര്‍ത്തുന്ന രജനികാന്തിനെ പോലെ, അടുത്തു നിന്ന വേപ്പു മരം പിടിച്ച് കുലുക്കുന്നു!!!!