Thursday, April 26, 2007

സെഞ്ചുറി വീരന്‍

മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം?
കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല.
അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാരണം ഒന്നും ഇല്ലാതെയും മുറക്ക് കിട്ടിക്കൊണ്ടിരുന്നതിലായിരുന്നു.
അങ്ങനെ ബാറ്റിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ബെന്‍സി, സെഞ്ചുറിയിലേക്കു കുതിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്സിനെ പോലെ തന്നെ, ഞങ്ങളും സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്.
അപ്പൊഴാണു ആ ഹാര്‍ട്ട്-ബ്രേക്കിംഗ് കാഴ്ച ബെന്‍സി കാണുന്നത്. അക്കരെ റോഡിലൂടെ അതാ സ്വന്തം പ്രൊഡ്യൂസര്‍ നടന്നു വരുന്നു. സെഞ്ചുറി കൈയെത്തും ദൂരത്ത്. എന്തു ചെയ്യും? ഏതാണ്ട് അഞ്ചു മിനിട്ട് എടുക്കും അദ്ദേഹം അടുത്തെത്താന്‍. ശത്രു സേനയെ മുന്നില്‍ കണ്ടാലും സ്വന്തം പാളയം വിട്ടിട്ടൊടാത്ത ധീര സൈനികനേ പോലെ ബെന്‍സി ക്രീസില്‍ തന്നെ നിന്നു. അവസാന നിമിഷം വരെ. ഒരു ഫോര്‍ അടിച്ചു സെഞ്ചുറി കമ്പ്ലീറ്റ് ചെയ്തതും പുറകില്‍ നിന്ന് അടി വീണതും ഒരുമിച്ചായിരുന്നു. അന്ന് അവന്‍ ബാറ്റും പൊക്കി ഓടിയത് സെഞ്ചുറി അടിച്ച ആഹ്ലാദത്തിനായിരുന്നൊ, അതോ അടിയുടെ വേദന ആയിരുന്നൊ? പിന്നീട് ഒരു ദിവസം അതു ചൊദിച്ചതിന് അവന്‍ ആ പാടം മുഴുവനും ഇട്ടോടിച്ചു.
പിറ്റേന്നു വീണ്ടും ഗ്രൗണ്ടില്‍ കണ്ടപ്പൊള്‍ ഞാന്‍ ചൊദിച്ചു;"തന്തയാര്‍ ഇന്നലെ ഒരു പാടു മെതിച്ചു, അല്ലെ?""നാലു തൊഴി കിട്ടിയാലെന്നാ, സെഞ്ചുറി അടിച്ചില്ലേ"
അവന്റെ മറുപടി കേട്ട് "കിറുക്കറ്റ്" എന്നൊ മറ്റൊ ഞാന്‍ പറഞ്ഞു എന്നാണ് അവന്‍ ഇപ്പൊഴും പറഞ്ഞു നടക്കുന്നത്

1 comment:

BeNcY said...

ഇതു കൊള്ളാം,,,,നല്ല അവതരണം ...ഇതില്‍ സത്യം ...എത്രയും,,,കാണും,,,