Sunday, April 29, 2007

ഒരു മദ്യപാന കുറിപ്പ്

"മദ്യപാനം സര്‍വ്വ ധനാല്‍ പ്രധാനം" എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സെറ്റപ്പില്‍ ആണ് എന്റെ യൗവനം / കൗമാരം ചിലവഴിക്കപ്പെട്ടത്. അതിന്റെതായ ചില ഗുണങ്ങള്‍ കിട്ടിയതില്‍ എന്നെ തെറ്റു പറയാമൊ?

ജനനം, മരണം, കല്യാണം, പതിനാറ്, നാല്പ്ത്തൊന്ന്, പിറന്നാള്‍, വിവാഹ വാര്‍ഷികം, പാലു കാച്ചല്‍, പെണ്ണ് കാണല്‍, എന്നു വേണ്ടാ, ഒരു മനുഷ്യ ജീവിതത്തിലെ ഒരു മാതിരി പ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മദ്യം ഇല്ലാത്തൊരു അവസ്ഥ പിള്ളേരുസെറ്റിന് ചിന്തിക്കാവുന്നതില്‍ അപ്പുറമായിരുന്നു. പ്രത്യെകിച്ച് ഒരു കാരണം ഇല്ലെങ്കില്‍ "വെരുതെ ഇരുന്നു ബോറടിക്കുന്നു, ഒരു പൈന്റ് അടിച്ചു കളയാം" എന്നു പറഞ്ഞു വെള്ളമടിക്കുന്ന കൂട്ടരാണ് എന്റെ നാലുപാടും. "ഓസിന് കിട്ടിയാല്‍ ആസിഡും അടിക്കും" എന്ന പോളിസിയുമായി നടക്കുന്ന കശ്മലന്‍മാര്‍ അല്ലെങ്കില്‍ "ചുമ്മാതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നു കളയാം" എന്നു കരുതി, "ഇന്നത്തെ ഇര ആരാണാവോ?" എന്നു തേടി നടക്കുന്ന കഴുകന്‍ മാരുടെ നാട്.ജവാന്‍, ഈഗിള്‍, സല്‍സാ, പുല്ലുപറിയന്‍, മണവാട്ടി തുടങ്ങിയ നാമധേയങ്ങള്‍ വളരെ ബഹുമാനത്തോടെ മാത്രം ഉച്ചരിക്കുന്ന മഹത്തായ നാട്.ഒരു നേരം വീട്ടിലേക്ക് അരിവാങ്ങിച്ചില്ലെങ്കിലും, ഡെയിലി ഒരു പൈന്റ് അടിക്കാതെ പോകാത്ത മഹാന്മാര്‍ ധാരാളം ഉള്ള നാട്.

ഇത്രയും പറഞ്ഞത് എന്റെ നാടിന്റെ ഒരു കപ്പാസിറ്റി അറിയിക്കാന്‍ വേണ്ടി മാത്രം ആണ്. ഒരു പൈന്റില്‍ താഴെ അടിക്കുന്നവന്‍ വെറും ശിശു എന്നു പറഞ്ഞ് മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ആണ് അവിടുത്തേത്. അങ്ങനെ ഇരിക്കെ ഞങ്ങളുടെ അയല്‍ത്തേ ചേച്ചിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വന്നെത്തി. അവരുടെ വീട്ടില്‍ തന്നെ "ഒരു സമരത്തിനുള്ള പിള്ളങ്ങള്‍" ഉള്ളതുകൊണ്ടും, അതില്‍ മുക്കാലും എന്റെ സുഹ്രുദ് വലയത്തിലുള്ളതു കൊണ്ടും, സ്വാഭാവികമായും തലേന്നു രാത്രിയിലെ "ചിറമം" എന്റെ കൂടി ഉത്തരവാദിത്വം ആയി. വെറുതെ ഒന്നു സൂപ്പര്‍ വൈസ് ചെയ്താല്‍ മതി എന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ സഹകരിച്ചു വരുകയായിരുന്നു. ഈചേച്ചിയുടെ അനിയത്തിയുടെ ഭര്‍ത്താവും അന്നേ ദിവസം ഹാജരായിരുന്നു. ഏതാണ്ട് 8-8:30 ആയിക്കാണും, ഈ ശനിയന്‍ എന്നെ വട്ടം പിടിച്ചു.
"എന്നാടെയ്, ഒന്നും ഇല്ലേ?"എന്നെക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് മൂപ്പുള്ള കാര്‍ന്നോരാണ്, ബഹുമാനത്തോടെ ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ട് മൊഴിഞ്ഞു
"അച്ചായാ, അതിപ്പോ ഞാനെങ്ങനെയാ...."
"ഏതിപ്പം എങ്ങനെയാ? ഒരു കുപ്പി അടിക്കാതെ എങ്ങനെയാ ചോറു ഇറങ്ങുന്നെ?"
ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെപ്പോലെ ആയിരുന്നു എന്റെ അവസ്ഥ. കൈ കൊടുത്താല്‍ നാളെ ചേച്ചി എന്നെ കൊല്ലും. ഒഴിയാന്‍ ശനിയന്‍ സമ്മതിക്കുന്നുമില്ല.
"സിവില്‍ സപ്പ്ലൈ ഇപ്പോള്‍ അടച്ചു കാണും. നമുക്കു നാളെയാക്കാം"
"ഏന്റെ പട്ടിക്കു വേണം നാളെ. നീ പോയി ചേച്ചിയോട് കാര്യം പറ. ഞാന്‍ പറഞ്ഞു എന്നു പറ. നിനക്കും 2 എണ്ണം അടിക്കണ്ടേ?"
പ്രലോഭനത്തില്‍ വീണു. ചേച്ചിയോട് ചോദിച്ചാല്‍ തെറി ഉറപ്പായതു കൊണ്ട്, കൈയിലിരുന്ന കാശ് കൊടുത്ത് ഞാന്‍ സാധനവുമായി വന്നു. അച്ചായന്‍ മൂട്ടില്‍ മുള്ളു തറച്ചത് പോലെ വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. എന്നെ കണ്ടതും
"എന്നാടെയ് ഇത്രയും താമസിച്ചത്" എന്നൊരു ചോദ്യം
"തന്റെ ഭാര്യയുടെ അമ്മായി അപ്പന്‍ അല്ലല്ലോ സിവില്‍ സപ്ലൈസ് നടത്തുന്നത്" എന്നൊരു ഊറ്റന്‍ മറുപടി നാവിന്‍ തുമ്പില്‍ വന്നെങ്കിലും, വെള്ളമൊഴിക്കാതെ, "നീറ്റ്" അടിക്കുന്നതു പോലെ ഞാനതു വിഴുങ്ങി.
"ഭയങ്കര ക്യൂ ആയിരുന്നു അച്ചായാ" എന്നു പറഞ്ഞ് ഞാന്‍ സാധനം വരാന്തയുടെ താഴെ ആരും കാണാതെ വച്ചു. അര്‍ശസുകാരന്റെ പിന്നാലെ പട്ടി നടക്കുന്നതു പോലെ അച്ചായന്‍ എന്റെ പിന്നാലെ തൂങ്ങാന്‍ തുടങ്ങി.
"ടേയ്, കുറച്ചു വെള്ളോം 2 ഗ്ലാസും ഇത്തിരി അച്ചാറും ഇങ്ങോട്ട് എടുക്കടെയ്"
ഒരു ചിന്ന കുളന്തൈ അതു വഴി പാസ്സ് ചെയ്തപ്പൊള്‍, അവനെ വിളിച്ചു സാധനം ഒക്കെ അറേഞ്ച് ചെയ്തു. ആരും കാണാതെ ഒരു മൂലക്ക് സെറ്റപ്പ് ആക്കി. പൊതി അഴിച്ചപ്പൊള്‍ അച്ചായന്‍ ഒരു ചാട്ടം. "ഇതെന്താ ഒരു പൈന്റോ?"
ഞാന്‍ കരുതി അതു കൂടിപ്പോയതായിരിക്കും.
"സാരമില്ല, ബാക്കി അച്ചായന്‍ നാളെ കീറിക്കോ"
അച്ചായന്‍ കിലുക്കത്തിലെ ജഗതിയെ പോലെ ഒരു ഡയലൊഗ്.
"അപ്പൊ നീ അടിക്കുന്നില്ലെ?" അതു ശരി, പാതിരായ്ക്ക് പോയി വാങ്ങച്ചതും പോരാ, ഞാന്‍ അടിക്കുന്നില്ലെ എന്ന്. ആ കുപ്പി എടുത്ത് ആ മാണത്തലയ്ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്.
"ഏടെയ് ഞാനൊക്കെ ഒരൊറ്റ കുപ്പി അടിക്കുന്ന ആളാ, എന്റെ ചേട്ടന്‍ കൊണ്ടു വരുന്ന സ്കോച്ച് ഒക്കെ ഞാന്‍ ഒറ്റ ഇരിപ്പിനു തീര്‍ക്കും. ആ എനിക്കാ ഈ പൂക്കാണ്ടി, ഛെ!! ആശിച്ചും പോയി" എന്ന് എന്നെ കുറെ തെറി.ഞാന്‍ "കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ച" അവസ്ഥയില്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏന്തെങ്കിലും ആകട്ടെ, നീ ഒഴി" എന്ന് അച്ചായന്‍.
ഈ മാരണം പെട്ടെന്ന് പൂസാകട്ടെ എന്നു കരുതി ഞാന്‍ ഒരു കനത്ത പെഗ് തന്നെ ഒഴിച്ചു.
"ടേയ് നീ എന്താണ്‍ടെയ് ഈ കാണിക്കുന്നേ. അങ്ങോട്ട് ഒഴിക്കടെയ്"
ഗ്ലാസിന്റെ മുക്കാലും McDowels നിറഞ്ഞപ്പൊള്‍ തിരുവായ് മൊഴിഞ്ഞു.
"ആ, തത്കാലം നില്‍ക്കട്ടെ, പിന്നെ നീ അടിച്ചേച്ച് ബഹളം ഒന്നും വെച്ചേക്കല്ലേ"എന്നു പറഞ്ഞ് ഒരല്പ്പം വെള്ളവും ചേര്‍ത്ത് ഒരൊറ്റ വിഴുങ്ങ്! കണ്ടു നിന്ന എന്റെ കരളിന്റെ സര്‍ വ്വ കണക്ഷനും ലൂസായി. ഞാനും കൊച്ചാവാതിരിക്കാന്‍ ഒരു ചെറുത് അടിച്ചു. അങ്ങനെ വെറും അഞ്ചു മിനിട്ടില്‍ അച്ചായന്‍ പൈന്റ് കാലിയാക്കി!ഒരക്ഷരം മിണ്ടാതെ പുള്ളി മസില്‍ പിടിച്ചിരിക്കുന്നതു കണ്ടപ്പഴേ എനിക്കൊരു പന്തികേടു തോന്നി.
"അച്ചായാ, എന്നാ പറ്റി?"
"എഴിക്കൊന്നും ഇല്ലേടേ...." എന്നു പറഞ്ഞു തീരാന്‍ നിന്നില്ല, നയാഗ്രാ വെള്ളച്ചാട്ടം പോലെ ഒരു കിടിലന്‍ പൊതുവാള്‍! "ഗുലാം" എന്ന ഹിന്ദി സിനിമയില്‍ അമീര്‍ ഖാന്‍ പാഞ്ഞു വരുന്ന ട്രയിനിന്റെ മുന്നില്‍ നിന്നും എടുത്തു ചാടിയതു പോലെ, സമയത്ത് ചാടി മാറിയതു കൊണ്ട്, കളഭാഭിഷേകത്തില്‍ നിന്നും ഞാന്‍ മില്ലി മീറ്റര്‍ വ്യത്യാസത്തിനു രക്ഷപെട്ടു.കുടലും ആമാശയവും പുറത്തു വരുന്ന തരത്തിലുള്ള വാളിന്റെ ഒച്ചയില്‍ ഉറങ്ങാന്‍ കിടന്ന പല കുരുപ്പുകളും ഉണര്‍ന്ന് വെല്യ വായില്‍ കരഞ്ഞു എന്നാണു പിന്നെ പറഞ്ഞു കേട്ടത്. കാരണം അതു കേള്‍ക്കാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ചേച്ചി കതക് തുറക്കുന്ന ആദ്യ ഒച്ചക്കു തന്നെ ഞാന്‍ തൊടി ചാടി ബൈക്ക് സ്റ്റാര്‍ട്ടാക്കി പറന്നു കഴിഞ്ഞിരുന്നു.
നാല് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം, അച്ചായന്റെ ഭാര്യ എന്നെ വഴിയില്‍ വച്ച് കണ്ടു.
"എടാ പട്ടീ, നിനക്കൊക്കെ വേണമെങ്കില്‍ തന്നെ കേറ്റിയാല്‍ പോരെ? കുടുംബോം കുട്ടികളും ഉള്ളവരെ വെറുതെ വിടരുതോ? നശിച്ച കുറെ എണ്ണം എറങ്ങിക്കോളും കുടുംബം കലക്കാന്‍"
അന്ന് അയാളെ എന്റെ കൈയ്യില്‍ കിട്ടിയിരുന്നു എങ്കില്‍, ഇന്ന് ഇതെഴുതാന്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പ്രത്യെക നിവേദനം നല്‍കേണ്ടി വന്നേനെ. ജീവപര്യന്തം തടവുകാരന് ഒരു ബ്ലോഗ് തുടങ്ങാന്‍ ഒരു പ്രത്യെക ഫണ്ട് അനുവദിക്കുന്നതിനുള്ള നിവെദനം.

Thursday, April 26, 2007

സെഞ്ചുറി വീരന്‍

മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം?
കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല.
അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാരണം ഒന്നും ഇല്ലാതെയും മുറക്ക് കിട്ടിക്കൊണ്ടിരുന്നതിലായിരുന്നു.
അങ്ങനെ ബാറ്റിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ബെന്‍സി, സെഞ്ചുറിയിലേക്കു കുതിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്സിനെ പോലെ തന്നെ, ഞങ്ങളും സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്.
അപ്പൊഴാണു ആ ഹാര്‍ട്ട്-ബ്രേക്കിംഗ് കാഴ്ച ബെന്‍സി കാണുന്നത്. അക്കരെ റോഡിലൂടെ അതാ സ്വന്തം പ്രൊഡ്യൂസര്‍ നടന്നു വരുന്നു. സെഞ്ചുറി കൈയെത്തും ദൂരത്ത്. എന്തു ചെയ്യും? ഏതാണ്ട് അഞ്ചു മിനിട്ട് എടുക്കും അദ്ദേഹം അടുത്തെത്താന്‍. ശത്രു സേനയെ മുന്നില്‍ കണ്ടാലും സ്വന്തം പാളയം വിട്ടിട്ടൊടാത്ത ധീര സൈനികനേ പോലെ ബെന്‍സി ക്രീസില്‍ തന്നെ നിന്നു. അവസാന നിമിഷം വരെ. ഒരു ഫോര്‍ അടിച്ചു സെഞ്ചുറി കമ്പ്ലീറ്റ് ചെയ്തതും പുറകില്‍ നിന്ന് അടി വീണതും ഒരുമിച്ചായിരുന്നു. അന്ന് അവന്‍ ബാറ്റും പൊക്കി ഓടിയത് സെഞ്ചുറി അടിച്ച ആഹ്ലാദത്തിനായിരുന്നൊ, അതോ അടിയുടെ വേദന ആയിരുന്നൊ? പിന്നീട് ഒരു ദിവസം അതു ചൊദിച്ചതിന് അവന്‍ ആ പാടം മുഴുവനും ഇട്ടോടിച്ചു.
പിറ്റേന്നു വീണ്ടും ഗ്രൗണ്ടില്‍ കണ്ടപ്പൊള്‍ ഞാന്‍ ചൊദിച്ചു;"തന്തയാര്‍ ഇന്നലെ ഒരു പാടു മെതിച്ചു, അല്ലെ?""നാലു തൊഴി കിട്ടിയാലെന്നാ, സെഞ്ചുറി അടിച്ചില്ലേ"
അവന്റെ മറുപടി കേട്ട് "കിറുക്കറ്റ്" എന്നൊ മറ്റൊ ഞാന്‍ പറഞ്ഞു എന്നാണ് അവന്‍ ഇപ്പൊഴും പറഞ്ഞു നടക്കുന്നത്

Tuesday, April 24, 2007

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള് ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു.
"അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ,
"വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി.

ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്നെ എല്ലാം ശീലം ആയി.
അങ്ങനെ രാവിലത്തെ യാത്രകളെ ഞാന്‍ വെറുക്കുവാന്‍ തുടങ്ങി. കാലത്തെ 5 മണിക്ക് ഉണര്‍ന്ന് ഉറക്കച്ചടവില്‍ ട്രയിന്‍ പിടിച്ചു, വീണ്ടും വൈകുന്നേരം ഇടി കൊണ്ടു തിരിച്ചും കരിമ്പിന്‍ ജ്യുസ് എടുത്ത കരിമ്പിന്‍ ചണ്ടി പോലെ ആയിരിക്കുന്ന ഒരു കാലം.സീസണ്‍ പാസ് തീര്‍ന്നു പോയതിനാല്‍, എന്നത്തിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി. ഉറക്കച്ചടവില്‍ സ്റ്റേഷനില്‍ എത്തി. സാദാ ടിക്കറ്റിന്റെ ക്യൂ കണ്ട് അമ്മെരിക്കന്‍ പോലീസിനെ കണ്ട ബിന്‍ ലാദനെ പോലെ ഞെട്ടി, പിന്നെ തൊട്ടടുത്ത ചെറിയ ക്യൂ കണ്ട്, സമാധാനത്തൊടെ അതില്‍ ഞാന്‍ എന്നേ തന്നെ തിരുകി കയറ്റി.
ഏതാണ്ട് 10-15 മിനുട്ട കഴിഞ്ഞു കാണും, പഞ്ചായത്തു കക്കൂസിന്റെ പോല്‍ത്തെ മണം മൂക്കില്‍ ഉള്ള അത്രയും രോമന്മാരെ കാട്ടുതീ ഇട്ടു കൊണ്ട, ലങ്സിന്റെ ഫ്യൂസ് അടിച്ചു കളഞ്ഞപ്പോളാണ് ഞാന്‍ പാതി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കുളിച്ചിട്ട് ഒരു മിനിമം ഒന്നര വര്‍ഷമെങ്കിലും ആയി കാണും, ഒരു ഭയ്യ, ക്യൂവിന്റെ മുന്നിലെത്തിയ എന്നോടു ചോദിക്കുന്നു;
"സണ്‍ഡാസ് യാ മൂത് നേ കാ?" (തൂറാനൊ പെടുക്കാനോ)ട്രയിന്‍ മിസ്സായ ദേഷ്യം, രാവിലേ തന്നെ ആസ്സായ ചമ്മല്‍ എല്ലാം ഞാന്‍ ഒറ്റ മറുപടിയില്‍ തീര്‍ത്തു.
"സാത് ആകര്‍ ദേഖ് ലേ" (കേറി വന്ന് നോക്കു കൂവേ).

Wednesday, April 18, 2007

ആമുഖം

പ്രിയമുള്ളവരെ, നമ്മുടെ പ്രിയങ്കരനായ് ശ്രീ. വിശാല മനസ്കനില്‍ നിന്നും പ്രചൊദനം ഉള്‍ക്കൊണ്ട് ഞാനും ഒരു മലയാളം ബ്ലോഗം ആരംഭിക്കുകയാണ്. ആ പ്രതിഭയുടെ സര്‍ഗ്ഗസ്രിഷ്ടികള്‍ക്ക പ്രതികരിക്കുവനെങ്കിലും ഈ ബ്ലൊഗം പ്രയൊജനപ്പെട്ടാല്‍ ഞാന്‍ ധന്യനായി.